പരിപാടികളും ഗാലറിയും
മുഖ്യമന്ത്രിയുടെ പൊതുജനപരാതി പരിഹാരം, ദുരിതാശ്വാസം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ ഇവന്റുകൾ, ഉദ്ഘാടനങ്ങൾ, ഗാലറി തുടങ്ങിയവയെക്കുറിച്ച് അറിയുക.
പശ്ചിമതീര കനാൽ വികസനം: 325 കോടി രൂപയുടെ പദ്ധതികൾ
കേരളത്തിന്റെ വ്യവസായ സാമ്പത്തികരംഗങ്ങളിൽ പുരോഗതി സൃഷ്ടിക്കാൻ ഉതകുന്ന 325 കോടി രൂപയുടെ പശ്ചിമതീര കനാൽ വികസന പദ്ധതികൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. കോവളം ബേക്കൽ ജലപാത വികസനത്തിൽ കേരള സർക്കാർ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടുകയാണ്. 21 കോടി രൂപ ചെലവിട്ട് നിർമിച്ച കരിക്കകം സ്റ്റീൽ ലിഫ്റ്റിംഗ് ബ്രിഡ്ജ്, കോഴിക്കോട് വടകര മാഹി കനാലിനു കുറുകെ നിർമിച്ച വെങ്ങോളി പാലം, കഠിനംകുളം-വർക്കല റീച്ചിനിടയിൽ നിർമിച്ച 4 ബോട്ട് ജെട്ടികൾ എന്നിവയുടെ പ്രവർത്തനോദ്ഘാടനവും, 120 കോടി രൂപ ചെലവിൽ വർക്കല, കഠിനംകുളം, വടകര എന്നിവിടങ്ങളിലെ കനാൽ ഡ്രഡ്ജിങ് ജോലികൾ, 23 കോടി രൂപ ചെലവിൽ അരിവാളം-തൊട്ടിൽപാലം കനാൽ തീര സൗന്ദര്യവത്ക്കരണം, ചിലക്കൂർ ടണലിൽ ലൈറ്റ് ആന്റ് സൗണ്ട് ഷോ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി പൂർത്തീകരിക്കുന്നത്. അതോടൊപ്പം, 247 കോടി രൂപ ചെലവിട്ട്, കേരള വാട്ടർവേയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് (ക്വിൽ) സമഗ്രമായി നടപ്പിലാക്കി വരുന്ന വർക്കല, കഠിനംകുളം, തിരുവനന്തപുരം മേഖലകളിലെ പുനരധിവാസ പദ്ധതിയുടെ അടുത്ത ഘട്ടത്തിനും തുടക്കമാകുകയാണ്.
കേരളത്തിലെ 11 ജില്ലകളെ ബന്ധിപ്പിക്കുന്ന രീതിയിലാണ് പശ്ചിമതീര വികസനം സാധ്യമാകുന്നത്. ഇത് വിനോദസഞ്ചാരം, ചരക്കുനീക്കം, പൊതു ഗതാഗതം എന്നിവയിൽ വലിയ മാറ്റങ്ങളുണ്ടാക്കും. വിവിധ വകുപ്പുകളുടെയും കിഫ്ബിയുടെയും സഹകരണത്തോടുകൂടെയാണ് നിലവിൽ പദ്ധതികൾ പ്രാവർത്തികമാക്കുന്നത്. 'കാര്യക്ഷമതയോടെ ഇത്തരം പദ്ധതികളെ നയിക്കുന്നതിനും പൂർത്തീകരിക്കുന്നതിനുമായാണ് സംസ്ഥാന സർക്കാർ കേരള വാട്ടർവേയ്സ് ആൻറ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് എന്ന പ്രത്യേക കമ്പനി രൂപീകരിച്ചത്. പദ്ധതിയുടെ ഭാഗമായി വർക്കല, കഠിനംകുളം മേഖലയിൽ 516 കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജ് ലഭ്യമാക്കി. 86 കോടി രൂപയാണ് ജനങ്ങൾക്ക് നൽകിയത്. കേരളത്തിലെ വിനോദസഞ്ചാര മേഖലയിലും കായലുകളുടെയും കനാലുകളുടെയും കാര്യക്ഷമമായ ഉപയോഗം മാറ്റം സൃഷ്ടിക്കും. താരതമ്യേന വേഗതയുള്ള യാനങ്ങൾ ഉപയോഗിച്ച് പൊതുഗതാഗത സംവിധാനവും ചരക്കു നീക്കവും കൂടുതൽ വേഗത്തിൽ ആക്കുവാൻ കഴിയും. കോസ്റ്റൽ ഷിപ്പിങ് ആന്റ് ഇൻലാൻഡ് നാവിഗേഷൻ വകുപ്പ്, കൊച്ചിൻ ഇൻറർനാഷണൽ എയർപോർട്ട് ലിമിറ്റഡ്, കിഫ്ബി, കേരള വാട്ടർവേയ്സ് ആൻറ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ്, ഇൻലാൻഡ് നാവിഗേഷൻ ഡിപ്പാർട്ട്മെന്റ് എന്നിവ സംയുക്തമായാണ് പദ്ധതി നിർവഹണം നടത്തുന്നത്.
അപൂർവ രോഗ പരിചരണത്തിനായി കെയർ സമഗ്ര പദ്ധതി
ആരോഗ്യ മേഖയില്‍ നടന്നു വരുന്ന വികസന പ്രവര്‍ത്തനങ്ങളുടെ തുടർച്ചയായി അപൂർവ രോഗ പരിചരണത്തിനുള്ള കെയർ സമഗ്ര പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും 61 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടേയും 31 ഐസൊലേഷൻ വാർഡുകളുടേയും സംസ്ഥാനതല ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിച്ചു. രോഗങ്ങള്‍ പ്രതിരോധിക്കുക നേരത്തെ കണ്ടെത്തുക, ചികിത്സകള്‍ ലഭ്യമായ സാഹചര്യങ്ങളില്‍ അവ ലഭ്യമാക്കുക മരുന്നുകള്‍ കൂടാതെ സാധ്യമായ തെറാപ്പികള്‍, സാങ്കേതിക സഹായ ഉപകരണങ്ങള്‍ എന്നിവ ലഭ്യമാക്കുക, ഗൃഹ കേന്ദ്രീകൃത സേവനങ്ങളും മാതാപിതാക്കള്‍ക്കുള്ള മാനസിക, സാമൂഹിക പിന്തുണയും ഉറപ്പ് വരുത്തുക തുടങ്ങിയ സേവനങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമഗ്ര പരിചരണ പദ്ധതിയാണ് കെയർ.
2021 ലെ ദേശീയ അപൂര്‍വരോഗനയ പ്രകാരം എസ്എടി ആശുപത്രിയെ കേന്ദ്രം അപൂർവ രോഗങ്ങളുടെ സെന്റർ ഓഫ് എക്സലൻസായി തിരഞ്ഞെടുത്തിരുന്നു. കേന്ദ്ര നയ പ്രകാരം ഒരു രോഗിക്ക് പരമാവധി 50 ലക്ഷം രൂപ വരെയുള്ള ചികിത്സയാണ് ഈ കേന്ദ്രത്തിലൂടെ നല്കാന് കഴിയുന്നത്. എന്നാല്‍ പല രോഗങ്ങളുടെയും നിലവിലെ ചികിത്സകള്‍ക്ക് ഈ തുക പര്യാപ്തമാവാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്ത് അപൂര്‍വ രോഗ പരിചരണത്തിന് ഒരു സമഗ്ര പരിചരണ പദ്ധതി ആരംഭിക്കുന്നത്. സിഎസ്ആര്‍ ഫണ്ട്, ക്രൗഡ് ഫണ്ടിംഗ് എന്നിവയിലൂടെയാണ് കെയർ പദ്ധതിയ്ക്ക് തുക കണ്ടെത്തുന്നത് . നിലവിൽ അപൂർവ രോഗങ്ങൾക്ക് വിലപിടിപ്പുള്ള മരുന്നുകൾ നൽകാനുള്ള പദ്ധതിയും ലൈസോസോമൽ സ്റ്റോറേജ് രോഗങ്ങൾക്ക് മരുന്ന് നൽകുന്ന പദ്ധതിയും സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നുണ്ട്.
ഡിജിറ്റൽ സർവകലാശാലക്ക് നവീകരിച്ച കെട്ടിട സമുച്ചയം
കേരള ഡിജിറ്റൽ സർവകലാശാലയുടെ ടെക്നോപാർക്ക് ഫേസ് 1- ക്യാമ്പസിൽ നവീകരിച്ച കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കേരളത്തെ വിജ്ഞാനാധിഷ്ഠിത സമൂഹമാക്കി മാറ്റുന്നതിനും സംസ്ഥാനത്ത് ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ യാഥാർഥ്യമാക്കുന്നതിനും സർക്കാർ നടത്തിയ വൻതോതിലുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഡിജിറ്റൽ രംഗത്തെ രാജ്യത്തെ ആദ്യ സർവകലാശാലയായ കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ഇന്നൊവേഷൻ ആന്റ് ടെക്നോളജി സംസ്ഥാനത്ത് സഥാപിതമായത്.
അനുദിനം മാറുന്ന ഡിജിറ്റൽ കാലഘട്ടത്തിൽ വേറിട്ട ആശയങ്ങളിലൂടെ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി സാമൂഹ്യ നന്മ വളർത്താൻ ഡിജിറ്റൽ സർവകലാശാലയ്ക്ക് കഴിയണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ, സാമൂഹിക വികസനത്തിന് പ്രാപ്തമാകുന്ന തരത്തിലാകണം വികസിപ്പിക്കേണ്ടതെന്നും, സേവന മേഖലകളിൽ എന്ന പോലെ ഡിജിറ്റൽ സാങ്കേതികവിദ്യ സമൂഹത്തിലെ നാനാതുറകളിലുള്ളവരിലും എത്തിക്കാൻ പരിശ്രമിക്കണമെന്നും മുഖ്യമന്ത്രി ഡിജിറ്റൽ യൂണിവേഴ്സിറ്റിയോട് ആവശ്യപ്പെട്ടു. അടുത്ത ഇരുപത്തിയഞ്ച് വർഷങ്ങൾക്കുള്ളിൽ നിർമിത ബുദ്ധിയധിഷ്ഠിത സാങ്കേതിക ജോലികളായിരിക്കും ലോകത്തെ നിയന്ത്രിക്കുക. വിദ്യാർത്ഥി സമൂഹത്തെ അതിനായി പ്രാപ്തരാക്കാൻ ഡിജിറ്റൽ യൂണിവേഴ്സിറ്റി പ്രതിബന്ധരാണ്. രാജ്യത്തെ മികച്ച സാങ്കേതിക സർവ്വകലാശാലയായി ഡിജിറ്റൽ സർവകലാശാല മാറിയെന്നും സമ്പദ്ഘടനയുടെ വിപുലീകരണത്തോടൊപ്പം വൈജ്ഞാനിക ഘടനയിലും മാറ്റം വരുത്താൻ സർവ്വകലാശാലയ്ക്ക് കഴിയുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു
വിദ്യാഭ്യാസ രംഗത്തെ സമഗ്ര മുന്നേറ്റം: പൊതുവിദ്യാലയങ്ങൾക്ക് 68 സ്കൂൾ കെട്ടിടങ്ങൾ കൂടി
പൊതുവിദ്യാഭ്യാസ രംഗത്തെ ലോകോത്തര നിലവാരത്തിലേക്കുയർത്താൻ സർക്കാർ നടത്തുന്ന സമഗ്ര മുന്നേറ്റത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നിർമാണം പൂർത്തിയാക്കിയ 68 സ്കൂൾ കെട്ടിടങ്ങളുടെ കൂടി സംസ്ഥാനതല ഉദ്ഘാടനവും 33 സ്കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു . 2017 മുതൽ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായും അതിന്റെ തുടർച്ചയെന്ന നിലയിൽ നവകേരളം കർമ്മ പദ്ധതി വിദ്യാകിരണം മിഷന്റെ ഭാഗമായും കിഫ്ബി, പ്ലാൻ ഫണ്ട്, മറ്റു ഫണ്ടുകൾ എന്നിവ പ്രയോജനപ്പെടുത്തിയാണ് സ്കൂളുകളുടെ ഭൗതികസൗകര്യ വികസനം സംസ്ഥാനത്ത് നടന്നു വരുന്നത്. 68 സ്കൂൾ കെട്ടിടങ്ങളിൽ 31 എണ്ണം കിഫ്ബി ഫണ്ടുപയോഗിച്ച് നിർമിച്ചവയാണ്. അവയിൽ രണ്ട് എണ്ണം 5 കോടി രൂപ വീതം ചെലവു ചെയ്തും രണ്ട് എണ്ണം 3 കോടി രൂപ വീതം ചെലവു ചെയ്തും മൂന്ന് എണ്ണം 1 കോടി രൂപ വീതം ചെലവു ചെയ്തുമാണ് നിർമിച്ചിരിക്കുന്നത്. 37 സ്കൂൾ കെട്ടിടങ്ങൾ പ്ലാൻ ഫണ്ട് വിനിയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. ഉദ്ഘാടനം നടത്തിയ 68 സ്കൂൾ കെട്ടിടങ്ങൾക്കും ശിലാസ്ഥാപനം ചെയ്യപ്പെടുന്ന 33 സ്കൂൾ കെട്ടിടങ്ങൾക്കും കൂടി ആകെ 200 കോടിയോളം രൂപയാണ് ചെലവ്.
പൊതുവിദ്യാലയങ്ങൾ മികച്ച അടിസ്ഥാന പശ്ചാത്തല സൗകര്യ വികസനത്തിന് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ഉൾപ്പെടെയുള്ള വിവിധ പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. ആധുനിക കാലത്തിന് ചേർന്ന രീതിയിലുള്ള വിദ്യാഭ്യാസ പ്രക്രിയകൾ നടപ്പിലാക്കുന്നതിനും പരിഷ്കരിക്കുന്നതിനും വിദ്യാഭ്യാസ വകുപ്പ് വിപുലമായ വികസന പദ്ധതികൾ നടപ്പിലാക്കുകയാണ്. സ്മാർട്ട് ക്ലാസുകൾ അടക്കം സജ്ജീകരിച്ച് ഡിജിറ്റൽ, ഓൺലൈൻ വിദ്യാഭ്യാസം സാർവത്രികമായി ലഭ്യമാക്കുന്നതിനുള്ള അതിവേഗ പാതയിലാണ് കേരളം. പത്തു ലക്ഷത്തോളം കുട്ടികളാണ് കഴിഞ്ഞ ഏഴു വർഷം കൊണ്ട് കേരളത്തിലെ പൊതു വിദ്യാലയങ്ങളിലേക്ക് പുതുതായി എത്തിച്ചേർന്നത്. സംസ്ഥാനത്ത് ആയിരത്തോളം സ്കൂളുകൾ ഹൈടെക് ആയി മാറുകയും ചെയ്തു. വിദ്യാഭ്യാസരംഗത്ത് സമാനതകളില്ലാത്ത ചരിത്രം സൃഷ്ടിക്കുന്ന കേരളം പശ്ചാത്തല അടിസ്ഥാന വികസനത്തിനു പ്രത്യേക ഊന്നൽ നൽകുന്നു.